This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സ്റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സ്റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡ്

സംസ്ഥാനത്തെ ഭൂവിനിയോഗത്തെ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ പഠിച്ചു പരിഹാരം നിര്‍ദേശിക്കുന്നതിനായി ആസൂത്രണ-സാമ്പത്തികകാര്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഔദ്യോഗിക സമിതി. 1975-ല്‍ രൂപീകരിക്കപ്പെട്ടു. ഭൂവിഭവങ്ങളും ഭൂവിനിയോഗവും സംബന്ധിച്ച സ്ഥിതിവിവരങ്ങള്‍ ശേഖരിച്ച് പഠനം നടത്തുക, മണ്ണ്, ജലം, സസ്യജന്തുജാലങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് സര്‍വേയും പരിശോധനയും നടത്തുക, നിലവിലുള്ള ഭൂവിനിയോഗത്തെ പുനഃപഠനത്തിനു വിധേയമാക്കുകയും പുതിയ സാധ്യതകള്‍ കൂടി കണക്കിലെടുത്ത് സുസ്ഥിരമായി പ്രയോജനപ്പെടുംവിധം നിര്‍ദേശങ്ങള്‍ തയ്യാറാക്കുക, ഫലഭൂയിഷ്ഠമായ കൃഷിഭൂമി സംരക്ഷിക്കുന്നതിനായി കാറ്റ്, ജലം, കടല്‍ എന്നിവ മൂലമുള്ള മണ്ണിടിച്ചിലിന്റെ സാധ്യതകള്‍, മണ്ണിലെ ജലലഭ്യത, ലവണാംശം, ഫലഭൂയിഷ്ഠത, നഗരവത്കരണം, വ്യവസായവത്കരണം എന്നിവ സംബന്ധിച്ച പഠനങ്ങള്‍ നടത്തുക, ഭൂസംരക്ഷണം, വികസനം, പരിപാലനം എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ മറികടക്കാന്‍ സാധ്യമായ നിര്‍ദേശങ്ങള്‍ നല്‍കി കൂടുതല്‍ മെച്ചപ്പെട്ട ഭൂവിനിയോഗനയം രൂപീകരിക്കുന്നതില്‍ സര്‍ക്കാരിനെ സഹായിക്കുക തുടങ്ങിയവയാണ് കേരള ലാന്‍ഡ് യൂസ് ബോര്‍ഡിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

സംസ്ഥാനത്തെ പ്രകൃതിവിഭവങ്ങള്‍ സംബന്ധിച്ച സ്ഥിതിവിവരങ്ങളുടെ ഡാറ്റാ ബാങ്കായി പ്രവര്‍ത്തിക്കുക, വിദ്യാര്‍ഥികള്‍, യുവാക്കള്‍, കൃഷിക്കാര്‍, ആസൂത്രകര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ക്കായി ഭൂസംരക്ഷണം, വികസനം, പരിപാലനം എന്നിവ സംബന്ധിച്ച അവബോധം നല്‍കുക, ഭൂവിനിയോഗം, മണ്ണിന്റെ ഘടന എന്നിവ സംബന്ധിച്ച ഭൂപടം, ഇടുക്കി ജില്ലയിലെ ഭൂവിനിയോഗം, കേരളത്തിന്റെ ഭൂവിനിയോഗം, ഗതാഗതശൃംഖല, കനാല്‍ ശൃംഖല, വെള്ളക്കെട്ട് തുടങ്ങിയ വിഷയങ്ങളില്‍ ശാസ്ത്രീയമായി തയ്യാറാക്കപ്പെട്ട വിവിധ രൂപത്തിലുള്ള ഭൂപടങ്ങളും സ്ഥിതിവിവരക്കണക്കുകളും, സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ മണ്ണിന്റെ ഘടന, ജലസാന്നിധ്യം തുടങ്ങിയവ സംബന്ധിച്ച പഠനങ്ങളും ലാന്‍ഡ് യൂസ് ബോര്‍ഡില്‍ ലഭ്യമാണ്.

തിരുവനന്തപുരത്തെ വികാസ്ഭവനിലാണ് കേരള ലാന്‍ഡ് യൂസ് ബോര്‍ഡിന്റെ ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്. തൃശൂര്‍ ജില്ലയിലെ പാട്ടുരയ്ക്കലില്‍ ബോര്‍ഡിന്റെ ഒരു പ്രാദേശിക കേന്ദ്രവും പ്രവര്‍ത്തിക്കുന്നു. പഞ്ചായത്ത് തലത്തിലുള്ള സര്‍വേകളും പഠനങ്ങളും പഞ്ചായത്ത് റിസോഴ്സ് മാപ്പ് പ്രസിദ്ധീകരിക്കുന്നതും പ്രാദേശിക കേന്ദ്രത്തില്‍ നിന്നാണ്. സാങ്കേതികം, കാര്‍ട്ടോഗ്രാഫി, ഭരണം, ജിയോ ഇന്‍ഫര്‍മാറ്റിക്സ് ലബോറട്ടറി എന്നീ വിഭാഗങ്ങളായാണ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ചിട്ടുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍